6. അദ്ധ്യായം.
1
മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്ക് പുത്രിമാർ ജനിച്ചപ്പോൾ
2
ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടമുള്ള ഏവരെയും ഭാര്യമാരായി എടുത്തു.
3
അപ്പോൾ യഹോവ: “മനുഷ്യനിൽ എന്റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം
തന്നേയല്ലോ; എങ്കിലും അവന്റെ ആയുസ്സ് നൂറ്റിരുപത് വർഷമാകും” എന്ന് അരുളിച്ചെയ്തു.
4
അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, പ്രശസ്തരായ പുരുഷന്മാർ തന്നെ.
5
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
6
അവിടുന്ന് ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി:
7
“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു.
8
എന്നാൽ നോഹയ്ക്ക് യഹോവയുടെ ദൃഷ്ടിയിൽ കൃപ ലഭിച്ചു.
9
നോഹയുടെ വംശാവലി ഇതാണ്: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
10
ശേം, ഹാം, യാഫെത്ത് എന്ന മൂന്ന് പുത്രന്മാരെ നോഹ ജനിപ്പിച്ചു.
11
എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ട് നിറഞ്ഞിരുന്നു.
12
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും
ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
13
ദൈവം നോഹയോട് കല്പിച്ചതെന്തെന്നാൽ: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു; നോക്കൂ, ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
14
നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് മുറികൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.
15
അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറ് മുഴം
; വീതി അമ്പത് മുഴം
; ഉയരം മുപ്പത് മുഴം
.
16
പെട്ടകത്തിന് ജനൽ ഉണ്ടാക്കേണം; മുകളിൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ പെട്ടകത്തിന്റെ വശത്തു വയ്ക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലയായി അതിനെ ഉണ്ടാക്കേണം.
17
നോക്കൂ, ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
18
എന്നാൽ നിന്നോട് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.
19
സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടുവീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
20
അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും രണ്ടുവീതം ജീവരക്ഷയ്ക്കായിട്ട് നിന്റെ അടുക്കൽ വരേണം.
21
നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”
22
ദൈവം തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു; അങ്ങനെ തന്നെ അവൻ ചെയ്തു.