1
അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.
2
അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അതു കേട്ടു.
3
യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്കു കഴിഞ്ഞില്ല.
4
യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു.
6
ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്.
7
ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു.
8
ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9
നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോടു പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.
10
അങ്ങ് ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.
11
അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും’
12
ഇതാ, ഞാൻ തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
13
ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.”
14
അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
15
അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലപിച്ചു.