1
ആ രണ്ടു ദൂതന്മാർ വൈകുന്നേരത്ത് സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കുകയായിരുന്നു; ലോത്ത് അവരെ കണ്ടപ്പോൾ എഴുന്നേറ്റ് എതിരേറ്റുചെന്ന് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു:
2
“യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർക്കുവിൻ
1
; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്ന് പറഞ്ഞതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്ന് അവർ പറഞ്ഞു.
3
അവൻ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്ക് വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.
4
അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു.
5
അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗങ്ങളിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്ന് അവനോട് പറഞ്ഞു.
6
ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടച്ച്:
7
“സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.
8
നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത രണ്ട് പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്റെ വീടിന്റെ നിഴലിൽ കീഴിൽ വന്നത് എന്നു പറഞ്ഞു.
9
“മാറിനിൽക്ക” എന്ന് അവർ പറഞ്ഞു.“ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.
10
അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,
11
വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.
12
ആ പുരുഷന്മാർ ലോത്തിനോട്: “ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്ന് കൊണ്ടുപൊയ്ക്കെൾക;
13
ഇവർക്കെതിരെയുള്ള നിലവിളി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ട് ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിക്കുവാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14
അങ്ങനെ ലോത്ത് ചെന്ന് തന്റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി.
15
ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ധൃതികൂട്ടി: “ഈ പട്ടണത്തിന്റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെയുള്ള നിന്റെ രണ്ട് പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൾക” എന്നു പറഞ്ഞു.
16
അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്യുകയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ട് പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.
17
അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്ക് നാശം സംഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.
18
ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ;
19
അങ്ങയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴിയുകയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.
20
ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പേകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.”
21
അവൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല.
22
വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി.
23
ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.
24
യഹോവ സൊദോമിന്റെയും ഗൊമോറായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും പെയ്യിപ്പിച്ചു.
25
ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
26
ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു .
27
അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു,
28
സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു.