1
അബ്രാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
2
എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
3
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:
4
“നോക്കൂ, എനിക്ക് നിന്നോട് എന്റെ ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും;
5
ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നായിരിക്കേണം.
6
ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്ന് രാജാക്കന്മാരും ജനിക്കും.
7
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യഉടമ്പടിയായി സ്ഥാപിക്കും.
8
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.”
9
ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പ്രമാണിക്കേണം.
10
എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം.
11
നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള ഉടമ്പടിയുടെ അടയാളം ആകും.
12
തലമുറതലമുറയായി നിങ്ങളുടെ ഇടയിലെ ആൺകുഞ്ഞുങ്ങളൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും ശരി.
13
നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം.
14
അഗ്രചർമ്മിയായ പുരുഷൻ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെപുറത്താക്കേണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”