1
യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക.
2
ഞാൻ നിന്നെ വലിയോരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലകുടുംബങ്ങളും
1
അനുഗ്രഹിക്കപ്പെടും.”
4
യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തിഅഞ്ച് വയസ്സായിരുന്നു.
5
അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു. അങ്ങനെ അവർ കനാൻദേശത്ത് എത്തി.
6
അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്ന് കനാന്യർ ദേശത്തു പാർത്തിരുന്നു.
7
യഹോവ അബ്രാമിനു പ്രത്യക്ഷനായി: “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.
8
അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
9
അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.